ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1930-കളില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പാട്ടവ്യവസ്ഥകള്‍ക്കെതിരായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍ ആലത്തൂര്‍ ആര്‍.കൃഷ്ണന്‍ ആയിരുന്നു. പ്രദേശത്ത് നിലനിന്നിരുന്ന ജാതിവ്യവസ്ഥക്കെതിരായി രൂക്ഷമായ പ്രക്ഷോഭങ്ങള്‍ നടന്നതായി ചരിത്രരേഖകളില്‍ കാണുന്നു. 1920-കളുടെ തുടക്കത്തില്‍ കേരളമെമ്പാടും വ്യാപിച്ച ശ്രീനാരായണപ്രസ്ഥാനത്തിന്റെയുംദേശീയപ്രസ്ഥാനത്തിന്റെയും അലയടികള്‍ ഈ പ്രദേശത്തും ഉണ്ടായി. ജാതിഭേദത്തിനുംഅയിത്തത്തിനുമെതിരായി 1940-കളില്‍ ബ്രഹ്മാന്ദസ്വാമി ശിവയോഗി ആലത്തൂരില്‍ഒരു ആശ്രമം സ്ഥാപിച്ചു. വീഴുമലയുടെ ചരിവില്‍ 1968-ല്‍ നടരാജ ഗുരുവിന്റെനേതൃത്വത്തില്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരുകുലം ഇന്നും ഒരു പഠനകേന്ദ്രമായിനിലനില്‍ക്കുന്നുണ്ട്. ദേശീയപ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയിരുന്ന മഹാത്മജി, ബാബുരാജേന്ദ്രപ്രസാദ്, വിനോബാജി, ജവഹര്‍ലാല്‍നെഹ്റു എന്നിവര്‍ക്ക് ആതിഥ്യമരുളാനുള്ള സൌഭാഗ്യം ലഭിച്ച മണ്ണാണ്  കാവശ്ശേരി.ആദ്യകാലത്ത് ഈ പ്രദേശം പൂമുള്ളിമന, കവളപ്പാറ നായന്‍മാര്‍തുടങ്ങിയ ജന്മിമാരുടെ കീഴലായിരുന്നു. ഭൂപരിഷ്കാരനിയമത്തിലൂടെ ഈ പ്രദേശംകുടിയാന്‍മാര്‍ക്ക് ലഭിച്ചു. ഇവിടുത്തെ പ്രധാന ക്ഷേത്രമായ പരയ്ക്കാട്ട്കാവ് എന്നതില്‍ നിന്നാണ് കാവുകളുടെ ചേരി എന്നര്‍ത്ഥം വരുന്ന  കാവശ്ശേരിഎന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചതെന്ന് പറയപ്പെടുന്നു. കോഴിക്കോട്സാമൂതിരിരാജാവിന്റെ ആശ്രിതനായിരുന്ന പാലക്കാട് രാജാവിന്റെ കീഴിലായിരുന്നു ഈപ്രദേശങ്ങളത്രയും. കേരളപ്പിറവിക്കുശേഷവും പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ തമിഴ്നാടുമായുള്ള വ്യാപാരവും മുന്‍പുണ്ടായിരുന്ന  കുടുംബബന്ധങ്ങളും തുടര്‍ന്നുവരുന്നു. അടിയാന്മാരായിരുന്ന ഹരിജനങ്ങള്‍, ആദിവാസി വിഭാഗക്കാരായ മലയര്‍ തുടങ്ങിയവര്‍ പ്രാചീനകാലം മുതല്‍ നടത്തിവരുന്ന കതിരുത്സവം, സവര്‍ണ്ണര്‍ നടത്തിയിരുന്ന വേല തുടങ്ങിയവയും തമിഴുവംശജരുടെ പൈതൃകകാലാരൂപങ്ങളായ കുഭംകളി, പൊങ്കല്‍ തുടങ്ങിയ ആഘോഷങ്ങളും തൈപൂയം, നിറഉത്സവം തുടങ്ങിയ ആഘോഷങ്ങളും ഇപ്പോള്‍ എല്ലാ വിഭാഗങ്ങളുടേയും പൊതുവായ ആഘോഷങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട്. പഴനി സുബ്രമണ്യക്ഷേത്രത്തില്‍ തീര്‍ത്ഥാടനം പോകുന്നതിന്റെ ഭാഗമായി പയനം കിടക്കുന്ന രീതി നിലനിന്നിരുന്നു. പുറാട്ട്നാടകം, ഓണത്തല്ല്, ഭരണിപ്പാട്ട്, മലമക്കളി, പുള്ളുവന്‍പ്പാട്ട്, തോറ്റംപ്പാട്ട് എന്നീ കലാരൂപങ്ങള്‍ ഇവിടെ പണ്ടുമുതലേ പ്രചാരത്തിലുണ്ട്. ആചാരങ്ങളുമായി ബന്ധപ്പെട്ട ഈഴവാദ്യം, ചെണ്ട, നാദസ്വരം എന്നിവയാണ് പ്രധാന വാദ്യങ്ങള്‍.